കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ സ്ഥിതി സങ്കീർണം
text_fieldsപയ്യന്നൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ ഉൾപ്പെടെ നാല് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാപനം ആശങ്കയുടെ മുൾമുനയിൽ. ഇതോടെ 30ഓളം ആരോഗ്യ പ്രവർത്തകർ ക്വാറൻറീനിൽ പ്രവേശിച്ചു. കോവിഡ് ഐ.സി.യുവിൽ ഉൾപ്പെടെ രോഗികളെ പരിചരിച്ച ഇവർ മൂന്നുദിവസം മുമ്പുതന്നെ രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലാണ്.
ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ മൂന്ന് തവണ സ്രവ പരിശോധന നടത്തണമെന്ന് നിർദേശമുണ്ട്. അത്തരത്തിൽ നടത്തിയ രണ്ട് പരിശോധനകളിലും ഇവര്‍ക്ക് പോസിറ്റിവായിരുന്നു. ഇനി ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയുടെ ഫലം മാത്രമാണ് ലഭിക്കാനുള്ളത്. ഡോക്ടടർമാർ കൂട്ടത്തോടെ ക്വാറൻറീനിലായതോടെ കോവിഡ് രോഗികളെ പരിചരിക്കാൻ ഡോക്ടർമാർക്ക് ക്ഷാമം നേരിട്ടുതുടങ്ങിയതായി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. ഇതുകൂടാതെ കാഷ്വാലിറ്റിയിലെ മറ്റൊരു ഡോക്ടര്‍ക്ക് ഡെങ്കിപ്പനിയും ബാധിച്ചിട്ടുണ്ട്. പി.ജി ഡോക്ടര്‍മാര്‍ക്ക് പ്രാഥമികമായ കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ തന്നെ ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. മെഡിക്കൽ കോളജിൽ നിലവിലുള്ള സാഹചര്യങ്ങൾ ഗുരുതരമാണെന്നും കാര്യങ്ങളുടെ ഗൗരവം ആരോഗ്യ വകുപ്പിലെ ഉന്നതരെ അറിയിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറയുന്നു.
മെഡിക്കൽ കോളജിലെ ചികിത്സ പൂർണമായും കോവിഡ് രോഗികൾക്കായി മാറ്റുന്ന കാര്യം ഉൾപ്പെടെ ഉന്നത കേന്ദ്രങ്ങളെ അറിയിച്ചതായാണ് വിവരം. നിലവിൽ ചില വകുപ്പുകളിൽ തന്നെ മറ്റ് ചികിത്സകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ച സ്ഥാപനങ്ങളിലൊന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ്.
ആദ്യം മുതൽതന്നെ ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. ഇതിൽ ഭൂരിഭാഗവും ചികിത്സ തേടിയത് പരിയാരത്താണ്. ഇവരിൽ ഗർഭിണികളും പ്രായമായവരും കുട്ടികളും ഉൾപ്പെടുന്നു. ഈ സന്ദർഭത്തിലൊന്നും ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ ആരോഗ്യ പ്രവർത്തകരുടെ രോഗബാധ സ്ഥാപനത്തെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.
ആേരാഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായതോടെ മറ്റ് ചികിത്സകൾ താൽക്കാലികമായി നിർത്തിവെച്ചേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് പരിശോധനയും ആശങ്ക വർധിപ്പിക്കുന്നതാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.